തൃശൂർ കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ യുവതിയുടെ ഭർത്താവും ബന്ധുവും പിടിയിലായി.പീഡനദൃശ്യം പകർത്തി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു എന്നും പൊലീസ് പറയുന്നു. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്നാണ് വിവരം പുറത്തുവന്നത്.
പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റവും ഐടി ആക്ടുമുൾപ്പെടെ ചുമത്തി. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയുടെ ശരീരത്തിൽ കാര്യമായ ക്ഷതമുണ്ടെന്ന് ഡോക്ടർമാർ മനസിലാക്കി. സ്വകാര്യ ഭാഗങ്ങളിലടക്കം ക്ഷതമുണ്ടെന്ന് മനസിലാക്കിയ ഡോക്ടർമാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഭർത്താവും ബന്ധുവും ചേർന്ന് യുവതിയുടെ സ്വകാര്യഭാഗത്ത് ബിയർ കുപ്പി കയറ്റുകയും ഈ ദൃശ്യം പകർത്തി അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ, ഇത് സൂക്ഷിച്ചിരുന്ന പെൻ ഡ്രൈവ് ഉൾപ്പെടെയുള്ളവ പൊലീസ് പിടിച്ചെടുത്തു.