വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. വടകര താഴെ കോലോത്ത് പൊൻമേരി പറമ്പിൽ സജീവൻ (42) മരിച്ച സംഭവത്തിലാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. വടകര സ്റ്റേഷനിലെ എസ്.ഐ നിജീഷ്, എ.എസ്.ഐ അരുൺ, സി.പി.ഒ ഗിരീഷ് എന്നിവരെയാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ. നായർ സസ്‌പെൻഡ് ചെയ്തത്. പൊലീസ് നടപടിക്രമങ്ങളിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടായെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സജീവന് ക്രൂരമായി മർദനമേറ്റിട്ടുണ്ടെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. കസ്റ്റഡിയിലിരിക്കെ തന്നെ നെഞ്ചുവേദനയുണ്ടെന്ന് സജീവൻ പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് കൂട്ടാക്കിയില്ലെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ സജീവൻ കുഴഞ്ഞുവീണു. ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായം ചോദിച്ചെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സജീവനും സുഹൃത്തുകളും സഞ്ചരിച്ച കാർ വ്യാഴാഴ്ച രാത്രി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിരുന്നു. നഷ്ടപരിഹാരത്തെ സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മറ്റേ വാഹനത്തിലുണ്ടായിരുന്നവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മദ്യപിച്ച കാര്യം പൊലീസിനോട് സമ്മതിച്ചെന്നും, പിന്നാലെ എസ് ഐ മർദിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നുഅതേസമയം സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലായ് 29ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് കമ്മിഷൻ കേസെടുത്തത്.