ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ പരാതി. പണം വാങ്ങിയിട്ട് ഉദ്ഘാടന പരിപാടിക്ക് എത്തിയില്ല എന്നാരോപിച്ച് ആലപ്പുഴ ക്യാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളാണ് നടനെതിരെ പരാതി നൽകിയത്. കഴിഞ്ഞ 14 ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ആറ് ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിൽ 4 ലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്ഘാടന ദിവസവം കൈമാറാമെന്നുമായിരുന്നു ധാരണ. ചടങ്ങിൽ രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തി.
എന്നാൽ പരിപാടിക്ക് ഒരു ദിവസം മുൻപ് താൻ യുകെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റുവാനും ശ്രീനാഥ് ആവശ്യപ്പെട്ടു.ഇതിനെത്തുടർന്ന് പരിപാടി 22 ലേക്ക് മാറ്റി. ഒരുമാസം നീളുന്ന ടൂർണമെന്‍റ് നടത്താനാകാതെ വന്നിരിക്കുകയാണ്. ഇതുമൂലം ക്ലബിന് ലക്ഷങ്ങളാണ് നഷ്ടമായിരിക്കുന്നത് .ശ്രീനാഥ് ഭാസിക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ക്ലബ് പാർട്ണർമാരായ സക്കീർ ഹുസൈൻ, സിനാവ്, ഇജാസ്, വിജയകൃഷ്ണൻ, സജാദ്, നിയാസ്, അൽസർ എന്നിവർ ആരോപിച്ചു.