തിരുവനന്തപുരം: ആര്‍എംപി നേതാവും വടകര എംഎല്‍എയും സിപിഎമ്മുകാര്‍ മൃഗീയമായി വെട്ടിക്കൊന്ന ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയ്‌ക്കെതിരായ വധഭീഷണിയില്‍ വിശദമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും തെറ്റായ ചെയ്തികളെ തുറന്ന് കാട്ടിയതിന്‍റെ പേരിലാണ് കെ കെ രമയ്ക്ക് വധഭീഷണി ഉണ്ടായത്. ടിപി ചന്ദ്രശേഖരനെ വധിച്ചശേഷവും കെ കെ രമയെ മാനസികമായി തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനുമാണ് സിപിഎം തുടരെ ശ്രമിച്ചത്.
നിയമസഭയില്‍ കെ കെ രമയുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മുഖ്യമന്ത്രിയാണ്. അത് പലപ്പോഴും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചു. കെ കെ രമയുടെ ജീവന് സംരക്ഷണം ഒരുക്കാനുള്ള ഉത്തരവാദിത്തം കേരള പൊലീസിനുണ്ട്. അതിന് തയ്യാറാകുന്നില്ലെങ്കില്‍ ആ കടമ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.