തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ക്രോസ് വോട്ടിങ്. 140 എം.എല്‍.എമാരില്‍ ഒരാള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തി. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ല.
പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥിക്കായിരുന്നു സംസ്ഥാനത്തെ എല്‍.ഡി.എഫ്.-യു.ഡി.എഫ്. എം.എല്‍.എമാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒരാള്‍ ഈ തീരുമാനത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
അറുപത് ശതമാനത്തിലേറെ വോട്ടുകൾ നേടിയാണ് മുര്‍മുവിൻ്റെ വിജയം. അറുപത് ശതമാനം വോട്ട് നേടുക എന്ന ബിജെപി ലക്ഷ്യവും ഇതോടെ നിറവേറി. 7.02 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആ നേട്ടം മറികടക്കാനാവില്ല എന്ന് വ്യക്തമായിരുന്നു. 6.76 ലക്ഷം വോട്ടുമൂല്യമാണ് മുര്‍മുവിന് നേടിയത്. 3.70 ലക്ഷം ആണ് യശ്വന്ത് സിൻഹയ്ക്ക് കിട്ടിയത്. 3.65 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി നേടിയത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുര്‍മുവിന് പ്രതീക്ഷിച്ചതിലുമേറെ വോട്ടുകൾ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. അസ്സം അടക്കമുള്ള സംസ്ഥാനങ്ങളിൽ കാര്യമായ ക്രോസ്സ് വോട്ടിംഗ് നടന്നുവെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരണമെങ്കിൽ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷമുള്ള കണക്കുകൾ പുറത്തു വരണം.