ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ചും ആശംസകളറിയിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ഒരു വ്യക്തി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യ ചരിത്രം രചിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടിസ്ഥാനവര്‍ഗ ജനവിഭാഗത്തിന്റെ പ്രതീക്ഷയാണ് മുര്‍മുവെന്നും മുന്നില്‍ നിന്ന് നയിച്ച് രാജ്യത്തെ അവര്‍ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുര്‍മുവിന്റെ വസതിയില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ദ്രൗപതി മുർമുവിന് വോട്ട് ചെയ്ത എല്ലാ എംപിമാർക്കും എംഎൽഎമാർക്കും കക്ഷി രാഷ്ട്രീയത്തിനപ്പുറം നന്ദി പറയുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ദ്രൗപതി മുർമുവിന്റെ റെക്കോർഡ് വിജയം നമ്മുടെ ജനാധിപത്യത്തിന് ശുഭസൂചനയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒഡീഷയുടെ പുത്രിക്ക് അഭിനന്ദനമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ട്വീറ്റ് ചെയ്തു. ഓരോ ഒഡീഷക്കാരനും ഇത് അഭിമാനനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും മുര്‍മുവിനെ അഭിനന്ദിച്ചു. രാഷ്ട്രപതി എന്ന നിലയ്ക്ക് ദ്രൗപദി മുർമുവിന് നിർഭയം ഭരണഘടന സംരക്ഷിക്കാനാകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തന്നെ സ്ഥാനാർത്ഥിയാക്കിയപ്പോൾ കണ്ട പ്രതിപക്ഷ ഐക്യം ഇനി മുന്നോട്ടും തുടരണമെന്നും സിൻഹ ട്വീറ്റ് ചെയ്തു.