മുംബൈ: ദുബായിൽനിന്ന് കൊച്ചിയിലേക്കു വന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. ഇതേത്തുടർന്ന് വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി. എയർ ഇന്ത്യയുടെ AI- 934, ബോയിംഗ് B787 വിമാനമാണ് നിലത്തിറക്കിയത്.
വൈകീട്ട് ഏഴിനായിരുന്നു വിമാനം കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്നത്. യാത്രക്കിടെ നിരവധി പേർക്ക് ശ്വാസ തടസം നേരിട്ടെന്ന് യാത്രക്കാർ പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറായി വിമാനം മുംബൈ വിമാനത്താവളത്തിൽ തന്നെ കാത്തുകെട്ടി നിൽക്കുകയാണ്.
എന്നാൽ യാത്രക്കാരെ പുറത്തിറക്കാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാൽ യാത്രക്കാരെ ഉടൻ പുറത്തിറക്കും. സാങ്കേതിക തകരാറുള്ള ഈ വിമാനത്തിൽ യാത്ര തുടരുകയെന്നത് സാധ്യമല്ലെന്നാണ് വിവരം. യാത്ര ചെയ്യാൻ പകരം വിമാനം എപ്പോൾ സജ്ജമാകുമെന്നതിൽ അവ്യക്തതയാണുള്ളത്.
കൊച്ചിയിലേക്കുള്ള യാത്രക്കാരെ ഇനി എപ്പോൾ എത്തിക്കുമെന്ന കാര്യത്തിലും അധികൃതർ ഉറപ്പ് തന്നിട്ടില്ല. പകരം വിമാനം സജ്ജമാവുകയാണെങ്കിൽ രാത്രി വൈകിയിട്ടാണെങ്കിലും യാത്രക്കാരെ കൊച്ചിയിലെത്തിക്കുമെന്ന് അറിയിച്ചതായാണ് സൂചന.
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. ഡിജിസിഎയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയാണ് സംഭവത്തിൽ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.