ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
അതേസമയം, സോണിയ ഗാന്ധിയെ ഇഡി ഇന്ന് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ആവശ്യമെങ്കിൽ ഇനിയും സോണിയയെ സമൻസ് നൽകി വിളിച്ചുവരുത്തുമെന്നും ഇഡി അറിയിച്ചിരുന്നു.
രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
മകള്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്. ഇതിനിടെ, ഡല്‍ഹിയിലെ ഇഡി ഓഫീസ് പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. സോണിയ ഗാന്ധിയുടെ വസതിക്കു മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.
അതേസമയം സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെ പ്രതിപക്ഷ പാർട്ടികളും അപലപിച്ചു. രാഷ്ട്രീയ എതിരാളികളെ മോദി സർക്കാർ വേട്ടയാടുന്നു എന്ന സംയുക്ത പ്രസ്താവനയിറക്കി. കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനും മുൻപ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. എന്നാൽ കോവിഡ് ബാധയെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെടുകയും ഇതേ തുടർന്ന് ജൂൺ 21നും പിന്നീട് ജൂലൈ 21നും ഇഡി സമയം നീട്ടി നൽകുകയുമായിരുന്നു.