കണ്ണൂര്‍: വിലക്ക് ലംഘിച്ച് കണ്ണൂർ കൂട്ടുപുഴ വഴി കേരളത്തിലേക്ക് അനധികൃതമായി കടത്തിയ പന്നിയിറച്ചി പിഗ് ഫാർമേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പിടികൂടി മൃഗസംരക്ഷണ വകുപ്പിനെ ഏൽപ്പിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാറിലും ഉൾപ്പെടെ വളർത്തു പന്നികളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ എന്ന വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പന്നിമാംസം ഉൾപ്പെടെ കൊണ്ടു വരുന്നതിന് 30 ദിവസത്തേക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് കേരളത്തിലേക്ക് പന്നിയിറച്ചി കടത്തിയത്.
ബിഹാറിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകത്തിലേക്ക് എത്തിക്കുന്ന പന്നികൾ കശാപ്പു ചെയ്ത് കേരളത്തിലേക്ക് കടത്തുന്ന സംഘത്തെയാണ് കൂട്ടുപുഴയിൽ വച്ച് പിഗ്ഗ് ഫാർമേഴ്സ് അസോസിയേഷൻ പിടികൂടി മൃഗ സംരക്ഷണ വകുപ്പിനെ ഏൽപ്പിച്ചത്.