കോട്ടയത്ത് നാട്ടകത്ത് ട്വന്റിഫോർ വാർത്താ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി. കോട്ടയത്ത് നിന്നും ചങ്ങനാശ്ശേരിക്ക് പോയ ട്വന്റിഫോർ വാർത്താ സംഘത്തിന് നേരെയാണ് രണ്ടംഗസംഘം അതിക്രമം നടത്തിയത്. എംസി റോഡിൽ യാത്ര ചെയ്ത് മുന്നോട്ടുപോകുമ്പോൾ ഇടവഴിയിൽ നിന്ന് കയറിവന്ന സംഘം മാധ്യമ പ്രവർത്തകർ വന്ന വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചതോടെയാണ്സംഭവങ്ങൾക്ക് തുടക്കം. മാധ്യമപ്രവർത്തകരുടെ സംഘം മുന്നോട്ടു പോയപ്പോൾ വീണ്ടും അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് അതിക്രമം നടത്താൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് കാറിൽ എത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
കൊന്നുകളയും എന്ന ഭീഷണിപ്പെടുത്തി കൊണ്ടാണ് രണ്ടംഗസംഘം മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചത്. വാഹനം പിന്തുടർന്നും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ചെട്ടികുന്ന് സ്വദേശി ജിതിൻ സുരേഷ് (31) കൊല്ലം സ്വദേശി അജേഷ് എസ്( 37) എന്നിവരെ ചിങ്ങവനം പൊലീസ് പിടികൂടി. പ്രതി ജിതിൻ സ്വന്തം വീട് അടിച്ചുപൊളിച്ച കേസിലെ പ്രതിയാണ്. കൊല്ലം സ്വദേശിയായ അജേഷിനെതിരെ കേസ് ഉണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.