പീഡനക്കേസിൽ പ്രതിയായ യുവ സംവിധായകൻ ലിജു കൃഷ്‌ണയുടെ ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ലിജുവിനെതിരെ ക്രിമിനൽ കേസുണ്ടെന്നും അതിനാൽ വിചാരണ പൂർത്തിയാകും വരെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ, പരാതിക്കാരിയുടെ ആരോപണങ്ങൾ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഇതിനാൽ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രസർക്കാരും സെൻസർ ബോർഡും വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് യുവതിയുടെ ഹർജി ജസ്റ്റിസ് വി.ജി അരുൺ തള്ളിയത്. യുവതിയുടെ ആവശ്യം സെൻസർ ബോർഡ് നേരത്തേ നിഷേധിച്ചതാണെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ ജയശങ്കർ വി നായർ ചൂണ്ടിക്കാട്ടി. നിവിൻപോളി നായകനായെത്തുന്ന ‘പടവെട്ട്’ എന്ന സിനിമയ്‌ക്കുവേണ്ടി പല രീതിയിലുള്ള ജോലികൾ തന്നെക്കൊണ്ട് സംവിധായകൻ ചെയ്യിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ പ്രൊഫഷണൽ രീതിയിലുള്ള ഒരു അംഗീകാരവും നൽകിയിട്ടില്ലെന്നും യുവതി ആരോപിച്ചു.
ഈ ചിത്രം പുറത്തിറക്കുന്നത് തന്നോട് കാണിക്കുന്ന നീതി നിഷേധമാണെന്ന് ഇവർ പറയുന്നു. 2020 മുതൽ ലിജു കൃഷ്ണ വിവാഹ വാഗ്ദാനം നൽകി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. വിമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന് ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇവർ ആദ്യമായി വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനിൽനിന്ന് ലിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. ‘പടവെട്ട്’ സെപ്തംബർ രണ്ടിന് തിയേറ്ററിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, ഷമ്മി തിലകൻ, മനോജ് മോൻ, രമ്യ സുരേഷ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. മ്യൂസിക് സരോഗമയുടെ സിനിമാറ്റിക് വിഭാഗമായ യോഡ്‌ലി ഫിലിംസും സണ്ണി വയ്‌ൻ പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മാണം.