രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ചരിത്ര സ്മാരകമെന്ന റെക്കോർഡ് നിലനിർത്തി താജ്മഹൽ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ ആണിത് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടെ താജ്മഹൽ ടിക്കറ്റ് വിൽപ്പനയിലൂടെ ഏകദേശം 132 കോടി രൂപ ലഭിച്ചു.
2019 മുതൽ 2022 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലെ എൻട്രി ടിക്കറ്റ് വിൽപ്പനയിലൂടെ എഎസ്‌ഐ ഉണ്ടാക്കുന്ന മൊത്തം വരുമാനത്തിന്റെ 24 ശതമാനം താജ്മഹലിൽ നിന്നുള്ളതാണ്. 2019-20 ൽ 97.5 കോടി രൂപയായും 2020-21 ൽ 9.5 കോടിയും 2021-22ൽ 25.61 കോടി രൂപയും വരുമാനമുണ്ടാക്കി.
പ്രധാന ശവകുടീരത്തിന് 200 രൂപ വിലയുള്ള പ്രത്യേക എൻട്രി പെർമിറ്റ് വിറ്റതിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 17.76 കോടി രൂപ അധികമായി ലഭിച്ചു. ഈ ക്രമീകരണം 2018 ഡിസംബറിലാണ് ആരംഭിച്ചത്.
രാജ്യത്തെ 3,693 സ്മാരകങ്ങളാണ് എഎസ്ഐയുടെ നിയന്ത്രണത്തിലുള്ളത്. സംരക്ഷിത സ്മാരകങ്ങളും പ്രദേശങ്ങളും 2020 മാർച്ചിൽ കൊവിഡിനെത്തുടർന്ന് അടച്ചു. പകർച്ചവ്യാധി ശമിച്ച ശേഷം തുറന്നെങ്കിലും പലതും കണ്ടെയിൻമെന്റ് സോണുകളിലായിരുന്നു.2021-2022ൽ യഥാക്രമം 6.01 കോടിയും 5.07 കോടിയും നേടിയ ചെങ്കോട്ട, ദില്ലിയിലെ കുത്തബ് മിനാർ എന്നിവയാണ് മറ്റ് പ്രധാന വരുമാന കേന്ദ്രങ്ങൾ.