ഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന പ്രഖ്യാപനം നാളെ. രാവിലെ പതിനൊന്ന് മണിക്ക് പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ തുടങ്ങുന്നത്. വൈകിട്ട് വോട്ടെണ്ണൽ പൂർത്തിയാകും. തുടർന്ന് വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദി വിജയിക്ക് സർട്ടിഫിക്കറ്റ് കൈമാറും. വോട്ടെടുപ്പ് കഴിഞ്ഞ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റു പെട്ടികൾ ദില്ലിയിൽ എത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്.
ബാലറ്റ് ബോക്സ് എന്ന പേരിൽ ടിക്കറ്റെടുത്ത് യാത്രക്കാർക്കുള്ള സീറ്റിൽ വച്ചാണ് പെട്ടികൾ സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിലേക്ക് കൊണ്ടു വന്നത്. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം ഉറപ്പാണ്. അടുത്ത തിങ്കളാഴ്ചയാണ് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കുന്നത്. രാജ്യത്ത് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായപ്പോൾ എട്ട് എംപിമാരാണ് വോട്ട് രേഖപ്പെടുത്താതിരുന്നത്.