ന്യൂഡല്‍ഹി: ശ്രീലങ്ക നേരിടുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയുടെ കാര്യത്തില്‍ ഇന്ത്യക്ക് ആശങ്കയുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഇന്ത്യയില്‍ അത്തരമൊരു സാഹചര്യമുണ്ടാകാനുള്ള സാധ്യതയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
യോഗത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി കേന്ദ്രസർക്കാര്‍ അവതരിപ്പിച്ചു. ശ്രീലങ്കയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജാഗ്രത വേണമെന്ന് സർക്കാർ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. കേരളം അടക്കമുള്ള കടബാധ്യത കുടുതല്‍ ഉള്ള സംസ്ഥാനങ്ങളുടെ ധനസ്ഥിതി യോഗത്തില്‍ അവതരിപ്പിച്ചു.
എന്നാല്‍ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ എംപിമാർ ധനസ്ഥിതി അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു. ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കണമെന്നും എംപിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയോട് അനുഭാവപൂര്‍ണമായ നിലപാടാണ് രാജ്യത്തിനെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
ശ്രീലങ്കയിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ ഇന്ത്യക്ക് ആശങ്കയുള്ളതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു യോഗംവിളിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വളരെ അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം എന്ന നിലയില്‍ ശ്രീലങ്ക നേരിടുന്ന പ്രശ്‌നത്തില്‍ ഇന്ത്യക്ക് സ്വാഭാവികമായ ആശങ്കയുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.