തിരുവനന്തപുരം: കെ.എസ് ശബരീനാഥനെതിരെ കോടതി പരിസരത്ത് സിപിഎമ്മിന്റെ പ്രതിഷേധം. ശബരീനാഥന് മാപ്പില്ലെന്ന മദ്രാവാക്യമുയർത്തി പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശബരീനാഥന് ജാമ്യം ലഭിച്ച ശേഷമായിരുന്നു സിപിഎമ്മിന്റെ പ്രതിഷേധം.
പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും കോടതി പരിസരത്തേക്കെത്തി മുദ്രാവാക്യം വിളിച്ചു. രണ്ട് കൂട്ടരും പരസ്പരം പ്രകോപന പരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥയിലേക്ക് എത്തി. കോടതി പരിസരത്ത് വൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതേ സമയം, ശബരീനാഥന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് അരുവിക്കരയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. തൊളിക്കോട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
മണിക്കൂറുകൾ നീണ്ട അനിശ്ചിതങ്ങൾക്ക് ഒടുവിലാണ് വഞ്ചിയൂര്‍ കോടതി ഏഴരയോടെ ജാമ്യ ഹര്‍ജിയിൽ വിധി പറഞ്ഞത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശബരിനാഥന് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണം, അരലക്ഷം രൂപയുടെ ബോണ്ട് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.