തിരുവനന്തപുരം: കേരളം ബനാന റിപ്പബ്ലിക്കായി മാറിയെന്ന് കെ എസ് ശബരിനാഥൻ. പ്രതിഷേധിച്ചതിന്റെ പേരില്‍ തനിക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കുമൊക്കെയാണ് കേസെടുത്തത്. ജനാധിപത്യ സമൂഹത്തില്‍ നടക്കുന്ന സ്വാഭാവിക പ്രതിഷേധത്തെ ഭയക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഭീരുവാണെന്നും അദ്ദേഹത്തിന്റെ മുഖത്തേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും ശബരിനാഥന്‍ പറഞ്ഞു.
സ്വർണക്കടത്തടക്കമുള്ള വിഷയങ്ങളിൽ ഇനിയും പ്രതിഷേധം തുടരും. നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു ശബരിയുടെ പ്രതികരണം.
യൂത്ത് കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ താഴേത്തട്ടുമുതല്‍ തുടരും. ഇനിയും എന്തൊക്കെ കേസെടുത്താലും നടപടി സ്വീകരിച്ചാലും പ്രതിഷേധം ഉണ്ടാകുമെന്നും ശബരി പറഞ്ഞു. നിയമപരമായി നേരിടേണ്ട കാര്യങ്ങളെ നിയമപരമായി നേരിടും. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല, അദ്ദേഹം വ്യക്തമാക്കി.
രാവിലെ സാക്ഷിയായി വിളിച്ച കേസില്‍ പത്ത് മിനിറ്റിന് ശേഷം അറസ്റ്റ് ചെയ്തു. അറസ്റ്റിന്റെ സമയം ഉള്‍പ്പെടെ ക്രമക്കേട് നടത്തിയെന്നും ശബരിനാഥന്‍ ആരോപിച്ചു. കള്ളക്കേസും വ്യാജ അറസ്റ്റുംകൊണ്ട് യൂത്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ അതിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എയും പ്രതികരിച്ചു.
വിമാനത്തിനുള്ളിലെ സമരത്തിൽ പ്രധാനപ്പെട്ട പങ്ക് തനിക്കുമുണ്ട്. താൻ കൂടി ചർച്ചചെയ്താണ് വിമാന പ്രധിഷേധം നടത്തിയത്. നിയമ വിധേയ സമരമായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. സ്‌ക്രീൻഷോട്ട് പുറത്ത് വന്നത് നേതൃത്വം ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും ശബരീനാഥൻ പറഞ്ഞു.