സൂര്യ നായകനായെത്തിയ ‘ജയ് ഭീം’ എന്ന ചിത്രത്തിനെതിരെയുള്ള കേസിൽ സൂര്യ, സംവിധായകൻ ടി.ജെ.ജ്ഞാനവേൽ എന്നിവർക്കെതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹെെക്കോടതി. ചിത്രത്തിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചുള്ള കേസിലാണ് കോടതി പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. അടുത്ത ഉത്തരവുണ്ടാകുന്നത് വരെ പ്രതികൾക്കെതിരേ കടുത്ത നടപടി പാടില്ലെന്നാണ് നിർദേശം. സൂര്യയുടെ ഭാര്യയും ചിത്രത്തിന്റെ നിർമാതാവുമായ ജ്യോതികയും കേസിൽ പ്രതിയാണ്. സെയ്‌ദാപ്പേട്ട് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശത്തെത്തുടർന്നാണ് വേളാച്ചേരി പൊലീസ് ഇവർക്കെതിരേ കേസെടുത്തത്.
വണ്ണിയർ സമുദായത്തിൽപ്പെട്ട സന്തോഷ് എന്നയാൾ കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു നടപടി. ഇതിനെതിരെ സൂര്യയും സംവിധായകനും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസ് സതീഷ്‌കുമാർ പൊലീസിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്‌ത ജയ് ഭീം 2021 ഓഗസ്റ്റ് അഞ്ചിനാണ് പുറത്തിറങ്ങിയത്. ആമസോൺ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. ജസ്റ്റിസ് കെ ചന്ദ്രു പോരാട്ടം നയിച്ച ഒരു കേസിന് കാരണമായ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.