കൊച്ചി: റോഡുകളുടെ ശോചനീയമായ അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് പേരിടണമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്.
നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വോഷണം പൂര്‍ത്തിയാക്കണം. എന്‍ജിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ദിനം പ്രതി റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
റോഡിലെ കുഴികളില്‍ വീണ് അപകടമുണ്ടാകുന്നത് വര്‍ധിക്കുന്നത് കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും കോടതി വിമര്‍ശിച്ചു. കേസ് ഓഗസ്റ്റ് ഒന്നിന് വീണ്ടും പരിഗണിക്കും. റോഡുകളുടെ മോശം അവസ്ഥയില്‍ മുന്‍പും കോടതി വിമർശനമുന്നയിച്ചിരുന്നു.
സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് കാരണം റോഡുകളില്‍ വ്യാപകമായി കുഴികള്‍ രൂപപ്പെടുകയും ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്ത ഗുരുതര സാഹചര്യം മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പള്ളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.