ന്യൂഡൽഹി: പ്രവാചക നിന്ദ പരാമർശത്തിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 9 എഫ്.ഐ.ആറുകളാണ് നൂപുർ ശർമ്മയ്ക്കെതിരെയുള്ളത്. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ നേരത്തേ സുപ്രീംകോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
ഈ മാസം നുപൂർ ശർമക്കെതിരായ ഹരജി പരിഗണിച്ച സുപ്രിംകോടതി അവർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. പ്രവാചകനിന്ദയെ തുടർന്ന് രാജ്യത്തുണ്ടായ എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദി നുപൂർ ശർമയാണെന്നും അവർ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
”അവരുടെ പ്രസ്താവനയെ തുടർന്നുണ്ടായ സംവാദം ഞങ്ങൾ കാണുകയായിരുന്നു. അവർ പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറഞ്ഞ് അതിനെ ന്യായീകരിച്ചതും അപമാനകരമാണ്. രാജ്യത്തോട് മുഴുവൻ അവർ മാപ്പ് പറയണം. രാജ്യത്ത് സംഭവിച്ചതിനെല്ലാം അവർ മാത്രമാണ് ഉത്തരവാദി” – ജസ്റ്റിസ് സൂര്യകാന്തും ജെ.ബെ പാർദിവാലയും അംഗങ്ങളായ ബെഞ്ച് പറഞ്ഞു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു. നൂപുർ ശർമ്മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇതിന് മുമ്പ് അവർ സുപ്രിംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ അന്നത്തെ പരാമര്‍ശം.
കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനാണെന്ന് സുപ്രിംകോടതി ചോദിച്ചു. പൊലീസ് അന്വേഷണത്തെ വിമർശിച്ച കോടതി നൂപുറിൻ്റെ ഉന്നത ബന്ധങ്ങളും സ്വാധീനവും മൂലമാണ് അറസ്റ്റ് നടക്കാത്തതെന്നും പറഞ്ഞു.