തിരുവനന്തപുരം: ആയൂർ മാർത്തോമ്മ പരീക്ഷാ കേന്ദ്രത്തിൽ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചത് ക്രിമിനൽ കുറ്റമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി.
ഇതിനെതിരെ ശക്തമായ നടപടി വേണം. ധിക്കാരപരമായ നടപടിയാണ് പരീക്ഷാ കേന്ദ്രത്തിൽ പെൺകുട്ടികൾക്കെതിരെ ഉണ്ടായത്. സമാന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു.
കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം പരിശോധനയുടെ പേരിൽ അഴിപ്പിച്ചുവെന്നാണ് പരാതി. ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷനിലാണ് സംഭവം. മനുഷാവകാശം ലംഘിക്കപ്പെട്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ കോളജിലേക്ക് മാർച്ച് നടത്തി.
വിദ്യാർഥികൾക്കെതിരായ നടപടിയിൽ കോളജിനോ അധ്യാപകർക്കോ പങ്കില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. പ്രാഥമിക പരിശോധനയിൽ അടിവസ്ത്രത്തിൽ മെറ്റൽ വസ്തു കണ്ടെത്തിയെന്നാരോപിച്ചാണ് പെൺകുട്ടിയോട് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടത്. മടിച്ചു നിന്ന വിദ്യാർഥി മാതാപിതാക്കളിൽ നിന്ന് ഷാൾ വാങ്ങി അകത്തേക്ക് കയറി. പരീക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങിപ്പോഴാണ് അടിവസ്ത്രം ഊരിവെപ്പിച്ച കാര്യം വിദ്യാർഥി അറിയിച്ചത്. ഇതേ അനുഭവം നൂറിലധികം പെൺകുട്ടികൾക്കുണ്ടായതായി ഇവർ പറയുന്നു.
മനുഷ്യാവകാശലംഘനമാണ് ഉണ്ടായതെന്നും കേന്ദ്ര സർക്കാരിനെ അതൃപ്തി അറിയിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. കോളേജിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.