തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു.
കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥർ അഴിച്ചു പരിശോധിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അപമാനിതയായ ഒരു പെൺകുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആയൂരിലെ കോളജിൽ പരീക്ഷക്കെത്തിയ എല്ലാ പെൺകുട്ടികളുടെയും അടിവസ്ത്രമഴിച്ചെന്ന് പരാതിയുണ്ട്.
എന്നാൽ, ഇക്കാര്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളജ് അധികൃതർ പ്രതികരിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്‍ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചു.