ന്യൂഡല്‍ഹി: രാജ്യത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള എട്ടു പേരാണ് വോട്ട് ചെയ്യാൻ എത്താഞ്ഞത്.
വോട്ടെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. പാർലമെന്‍റിൽ 63-ാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്.
അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.