കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ദുബായില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ 13നാണ് ഇയാള്‍ ദുബായില്‍ നിന്നെത്തിയത്. രോഗലക്ഷണം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളുമായി സമ്പര്‍ക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം യുഎഇയില്‍നിന്ന് വന്ന കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ജാഗ്രതാ നടപടികളുടെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ ഹെല്‍പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മങ്കിപോക്‌സ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചിക്കൻപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവർക്ക് മങ്കി പോക്‌സ് അല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തിൽ മറ്റൊർക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താൻ സമാന ലക്ഷണമുള്ള സാമ്പിളുകൾ റാൺഡമായി പരിശോധിക്കുന്നതാണ്.
എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എയർപോർട്ട് അധികൃതരുമായി ചർച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ കനിവ് 108 ആംബുലൻസും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.