നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരില്‍ ആണ് സംഭവം. വിദ്യാര്‍ഥിനിയുടെ അടിവസ്ത്രത്തില്‍ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞ് അടിവസ്ത്രം ഊരിച്ചെന്നാണ് രക്ഷിതാക്കള്‍ പരാതി പറഞ്ഞത്.
സംഭവത്തിന് പിന്നാലെ ആയൂരിലെ ഒരു കോളേജില്‍ പരീക്ഷയെഴുതിയ പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി.നീറ്റ് സംഘം നിയോഗിച്ച ചടയമംഗലത്തെ ഒരു ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് കോളേജ് അധികൃതർ പറഞ്ഞത്. സംഭവത്തിന് പിന്നാലെ മകള്‍ മാനസികമായി തകര്‍ന്നുവെന്നും നല്ല രീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും പെൺകുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.
തന്റെ മകള്‍ക്ക് മാത്രമല്ല അവിടെത്തിയ 90% പെണ്‍കുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പ്പിച്ചാണ് പരീക്ഷ എഴുതിപ്പിച്ചതെന്നും നാളെ മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന നിര്‍ബന്ധം കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും രക്ഷിതാവ് പറഞ്ഞു .