ആൻഡ്രോയിഡ് ഫോണുകളിൽ സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ ചോർത്തുന്നതിന് ഹാക്കർമാർ സ്ഥിരം ഉപയോഗിക്കുന്ന ജോക്കർ മാൽവെയറിനെ വീണ്ടും കണ്ടെത്തി. ഗൂഗിൾ പ്ളേസ്റ്റോറിൽ തന്നെയുള്ള നാല് ആപ്പുകളിലാണ് ജോക്കർ മാൽവെയറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. സ്മാർട്ട് എസ്എംഎസ് മെസേജസ്, ബ്ലഡ് പ്രഷർ മോണിറ്റർ, വോയ്സ് ലാഗ്വേജ് ട്രാൻസലേറ്റർ, ക്വിക്ക് ടെക്സറ്റ് എസ്എംഎസ് എന്നീ ആപ്പുകളിലാണ് ജോക്കർ മാൽവെയറിന്റെ സാന്നിദ്ധ്യം വിദഗ്ദ്ധർ കണ്ടെത്തിയത്. ഈ ആപ്പുക(ൾ ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഫോണുകളിൽ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും വേഗം അൺഇൻസ്റ്റാൾ ചെയ്യണമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2017 മുതൽ ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിന് ജോക്കർ മാൽവെയറുകൾ ഉപയോഗിച്ചു വരുന്നുണ്ട്. കുറച്ചു നാളുകളായി ജോക്കറിന്റെ സാന്നിദ്ധ്യം ആപ്പുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു. എന്നാൽ വീണ്ടും മാൽവെയർ പ്രത്യക്ഷപ്പെട്ടത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഫോണിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കുമെന്നതാണ് ജോക്കർ മാൽവെയറുകളെ മറ്റുള്ളവയിൽ നിന്നും അപകടകാരിയാക്കുന്നത്. പാസ്വേർഡുകളും ഒടിപികളുമുൾപ്പെടെ ശേഖരിക്കാൻ കഴിയുന്ന മാൽവെയറുകളാണ് ജോക്കർ. ഫോണിലെ വ്യക്തിഗത വിവരങ്ങളുടെ സ്ക്രീൻഷോട്ടുകളെടുത്ത് സൂക്ഷിക്കാനും നോട്ടിഫിക്കേഷനുകൾ വായിക്കാനും ജോക്കറിന് സാധിക്കും.