മസാജ് സെന്ററിൽ ഉടമയും കസ്റ്റമർമാരും ലൈംഗികമായി ഉപദ്രവിച്ചതായി ടെലി കോളറായിരുന്ന ജീവനക്കാരി. പൊന്നുരുന്നിയിലെ സ്പാ കം മസാജ് സെന്ററിനെതിരെ ജീവനക്കാരി വൈക്കം പോലീസിൽ പരാതി നൽകി.പരാതിയ്ക്ക് പിന്നാലെ മുൻകൂർജാമ്യാ ഹർജിയുമായി മസ്സാജ് സെന്റർ ഉടമ കോടതിയിൽ നൽകിയ അപേക്ഷ കോടതി തള്ളുകയും ഇതിന്റെ മറവിൽ അനാശാസ്യം നടക്കുന്നതായി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഉടമയ്‌ക്കെതിരെ ബലാത്സംഗം, സ്ത്രീയുടെ അന്തസിനെ ഹനിക്കൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വർഷം ഡിസംബർ 15ന് സ്പാ സെന്റർ ഉടമകളിൽ തന്നോട് ഒരാൾ അശ്ലീല സംഭാഷണത്തിന് മുതിർന്നതായി യുവതി പരാതിയിൽ പറയുന്നു. ഇതിൽ താത്പര്യം പ്രകടിപ്പിക്കാതിരുന്നപ്പോൾ മോശമായി പെരുമാറുകയായിരുന്നുവെന്ന് യുവതിയുടെ പരാതി.
സംഭവത്തെ കുറിച്ച് മറ്റൊരു ഉടമയായ സ്ത്രീയോട് പറഞ്ഞപ്പോൾ ഇത്തരം സ്ഥാപനങ്ങളിൽ ഇങ്ങനെയൊക്കെയാണെന്നായിരുന്നു മറുപടി. മസാജ് റൂമിലേക്ക് ചെല്ലാൻ ഉടമകൾ തന്നെ നിർബന്ധിക്കുമായിരുന്നുവെന്നും അവിടെ വെച്ച് കസ്റ്റമർ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പരാതിയിൽ പറയുന്നു. നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്നും അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞുവെന്നും യുവതി പറഞ്ഞു. സ്ഥാപനം വിടാൻ തീരുമാനിച്ചപ്പോഴും ഉടമകൾ ഭീഷണിപ്പെടുത്തി.