സിനിമാ താരങ്ങളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. തിരിവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി.
2018ൽ പുറത്തിറങ്ങിയ കൂദാശ എന്ന സിനിമയുടെ നിർമാണത്തിനാണ് ഇവർ തന്റെ പക്കൽ നിന്നും പണം വാങ്ങിയതെന്ന് റിയാസ് പരാതിയിൽ ആരോപിക്കുന്നു. ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി 2017ൽ വിവിധ ഘട്ടങ്ങളിലായാണു പണം നൽകിയത്. സിനിമ റിലീസായ ശേഷം പണവും ലാഭ വിഹിതവും നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.