തിരുവനന്തപുരം: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ചൊവ്വാഴ്ച ഇഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കിഫ്ബി വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് അന്വേഷണം. കിഫ്ബി സിഇഒയ്ക്ക് നേരത്തെ ഇഡി നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിനിടെ കിഫ്ബി സി.ഇ.ഒ, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവരെ നോട്ടീസ് അയച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് മുൻധനമന്ത്രിയെന്ന നിലയിൽ കിഫ്ബിയിൽ വൈസ് ചെയർമാനായി ചുമതല വഹിച്ച തോമസ് ഐസക്കിനെ ഇ.ഡി ഇപ്പോൾ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്നാണ് സൂചന.
കിഫ്ബിയുടെ ചെയര്മാന് മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയര്മാന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായിരുന്നു. ഈ നിലയിലാണ് ഇപ്പോള്‍ തോമസ് ഐസക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.