തിരുവനന്തപുരം: മങ്കി പോക്സ് രോഗിയുമായി അടുത്ത് ഇടപഴകിയ രണ്ട് പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അഞ്ച് ജില്ലകളിലുള്ളവരെ നിരീക്ഷിക്കുന്നത് തുടരുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ ഹെല്‍പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്.
സംശയനിവാരണത്തിനും ഈ ഹെല്‍പ് ഡെസ്ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരെയാണ് ഹെല്‍പ് ഡെസ്കുകളില്‍ നിയോഗിക്കുന്നത്. ജില്ലകളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.