പാലക്കാട്: കാട്ടനശല്യം തടയാൻ പാലക്കാട് വാളയാർ മേഖലയിൽ സോളാർ തൂക്കുവേലി സ്ഥാപിച്ചു. 54 ലക്ഷം രൂപ ചിലവഴിച്ച് ഒൻപതര കിലോമീറ്റർ ദൂരമാണ് പദ്ധതി നടപ്പിലാക്കിയത്. പുതുശേരി പഞ്ചായത്തിലെ പാലകമ്പ മുതൽ അയ്യപ്പൻമല വരെയാണ് സോളാർ തൂക്കുവേലി നിർമ്മിച്ചത്. പത്തടി ഉയരമുളള ഇരുമ്പ് പോസ്റ്റുകളിൽ ഒൻപതടി നീളത്തിലുള്ള കമ്പികൾ തൂക്കിയിട്ടാണ് വേലി നിർമ്മിച്ചിട്ടുള്ളത്.
24 മണിക്കൂറും വൈദ്യുതി കടത്തി വിടുന്നതിനാൽ കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. മലമ്പുഴ എംഎല്‍എ പ്രഭാകരൻ തൂക്കുവേലി ഉദ്ഘാടനം ചെയ്തു. സാധാരണ വൈദ്യതിവേലികളുടെ പോസ്റ്റുകൾ കാട്ടാനകൾ ചവിട്ടി നശിപ്പിയ്ക്കാറാണ് പതിവ്. എന്നാൽ തൂക്കുവേലിയുടെ ഇരുമ്പ് പോസ്റ്റുകളിലും വൈദ്യുതി ഉണ്ടാകുമെന്നതിനാൽ കേടുവരുത്താനുള്ള സാധ്യതയും കുറവാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.