തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 14 കുട്ടികള്‍ക്ക് ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന മരുന്നുകളാണ് നല്‍കിയത്. ആകെ 14 യൂണിറ്റ് മരുന്നുകളാണ് നല്‍കിയതെന്നും മന്ത്രി അറിയിച്ചു. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏക മരുന്നാണ് റസ്ഡിപ്ലാം ക്രൗഡ് ഫണ്ടിംഗ് മുഖേനയും സര്‍ക്കാര്‍ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
21 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ മരുന്ന് നല്‍കാന്‍ തീരുമാനിച്ചത്. രണ്ട് കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വച്ച് മരുന്ന് നല്‍കിയിരുന്നു. 12 കുട്ടികള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് കോഴിക്കോട് വച്ച് മരുന്ന് നല്‍കാന്‍ തീരുമാനം എടുക്കുകയായിരുന്നു.