രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി അറിയിച്ചു. എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ്ങാണ് പ്രഖ്യാപനം നടത്തിയത്. എൻ.ഡി.എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടു തന്നെയാണ് യശ്വന്ത് സിൻഹയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൽഹിയിലും പഞ്ചാബിലും രണ്ട് സംസ്ഥാനങ്ങളിൽ സർക്കാരുകളുള്ള ഏക ബിജെപി, കോൺഗ്രസ് ഇതര സംഘടനയാണ് എഎപി. എഎപിയെ കൂടാതെ തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ സിന്‍ഹക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, പഞ്ചാബ് എംപി രാഘവ് ഛദ്ദ, എംഎല്‍എ അതിഷി എന്നിവരും രാഷ്ട്രീയ കാര്യ സമിതിയിലെ മറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.