ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ മലയാളചിത്രം മലയൻകുഞ്ഞിന്റെ ട്രെയിലർ പങ്കുവച്ച് സൂപ്പർതാരം കമലഹാസൻ. ഫാസിലിന്റെ കുഞ്ഞ് തന്റെയുമാണെന്ന് പറഞ്ഞുകൊണ്ടാണ് താരം ട്രെയിലർ പങ്കുവച്ചത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്. മികവ് എപ്പോഴും വിജയിക്കും. ഫഹദ് മുന്നോട്ടു കുതിക്കൂ. എന്റെ എല്ലാ ഏജന്റുമാരും ജയിക്കണം. പരാജയമെന്നത് ഒരു തിരഞ്ഞെടുപ്പല്ല. ഒരു ടീം എന്നാൽ എന്താണെന്ന് അവർക്ക് കാണിച്ചുകൊടുക്കൂ’- ഇതായിരുന്നു ട്രെയിലർ പങ്കുവച്ചുകൊണ്ട് കമലഹാസൻ ട്വിറ്ററിൽ കുറിച്ചത്.
യോദ്ധയ്ക്ക് ശേഷം എ ആർ റഹ്‌മാൻ മലയാളത്തിൽ സംഗീതമൊരുക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. ഫാസിൽ ആണ് ചിത്രത്തിന്റെ നിർമാണം. പതിനെട്ട് വർഷങ്ങൾക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്. നവാഗതനായ സജിമോനാണ് ചിത്രത്തിന്റെ സംവിധായകൻ. മഹേഷ് നാരായണന്റേതാണ് തിരക്കഥ. ചിത്രത്തിലൂടെ ആദ്യമായി ഛായാഗ്രാഹകന്റെ വേഷവും മഹേഷ് നാരായണൻ അണിയുകയാണ്. പ്രകൃതി ദുരന്തവും അതിജീവനവും പ്രമേയമാകുന്ന ചിത്രത്തിൽ രജീഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.