കൗമാരക്കാരിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. ഭർത്താവ് പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ഇതിന്റെ ദൃശ്യങ്ങൾ ഭാര്യയാണ് ചിത്രീകരിച്ചത്. തുടർന്ന് ഇരുവരും ചേർന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ബദൗന്‍ സ്വദേശികളാണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് ഇരുവരെയും അറസ്റ്റുചെയ്തത്. വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
പീഡനം നടക്കുമ്പോൾ യുവതി മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ മുഴുവൻ പകർത്തി. പീഡന വിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന പെൺകുട്ടി പീഡന വിവരം പുറത്താരോടും പറഞ്ഞില്ല. എന്നാൽ ദൃശ്യങ്ങൾ ദമ്പതിമാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതുകണ്ടാണ് പെൺകുട്ടിയുടെ വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്നാണ് പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് കൂരുതൽ അന്വേഷണം ആരംഭിച്ചെന്നും വേറെ ഏതെങ്കിലും പെൺകുട്ടിയെ ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ എന്നും വ്യക്തമല്ല.