തെന്നിന്ത്യൻ താരം നയൻതാര പ്രതിഫലം ഉയർത്തയതായി റിപ്പോർട്ട്. തുടർച്ചയായി ഇറങ്ങിയ നയൻതാര ചിത്രങ്ങളെല്ലാം ഹിറ്റായി മാറിയതാണ് പ്രതിഫലം ഉയർത്താൻ കാരണം. ഷാറുഖ് ഖാനൊപ്പം അഭിനയിച്ച ജവാൻ എന്ന ചിത്രമാണ് നയൻതാരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജവാനിൽ നയൻതാരയ്ക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തതായി നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് നയൻതാര അഭിനയിക്കുക. പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചതെന്നും ഇതിന് നിർമാതാക്കൾ സമ്മതം മൂളിയെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷമായി ദക്ഷിണേന്ത്യൻ താര ലോകം അടക്കി വാഴുന്ന, ആരാധകർ ഏറെ സ്‌നേഹത്തോടെ നയൻസ് എന്ന് വിളിക്കുന്ന നയൻതാര, വിവാഹ ശേഷമാണ് പ്രതിഫലം ഉയർത്തുന്നത്. ജൂൺ 9നാണ് നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ലായിരുന്നു.