ബിഹാറിൽ സർക്കാർ ജീവനക്കാർക്ക് പുനർവിവാഹം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണം. അതത് ഡിപ്പാർട്ട്‌മെന്റിൽ അറിയിച്ച് ഇതിനുള്ള അനുമതി വാങ്ങണമെന്നാണ് പുതിയ നിർദേശം. സർക്കാർ ജീവനക്കാരോട് അവരുടെ മാരിറ്റൽ സ്‌റ്റേറ്റസ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബിഹാർ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അനുമതി ലഭിച്ച ശേഷം മാത്രമേ രണ്ടാം വിവാഹം പാടുള്ളുവെന്നും സർക്കാർ പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ പറയുന്നു. രണ്ടാമത് വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തി, ആദ്യ പങ്കാളിയിൽ നിന്ന് നിയമപരമായി വിവാഹ മോചനം നേടുകയും പുനർവിവാഹത്തിന്റെ കാര്യം ബന്ധപ്പെട്ട വകുപ്പിൽ അറിയിക്കുകയും വേണം.
ജീവനക്കാരന്റെ ആദ്യ പങ്കാളി വിവാഹത്തെ എതിർത്താൽ വിവാഹത്തിനുള്ള അനുമതി നൽകില്ല. അനുമതി വാങ്ങാതെ വിവാഹിതനായ വ്യക്തി സർവീസ് കാലയളവിൽ മരണമടഞ്ഞാൽ ആ വ്യക്തിയുടെ ഭാര്യക്കോ മക്കൾക്കോ ഈ ജോലി ലഭിക്കാൻ അർഹതയുണ്ടാകില്ലെന്നും ജോലിയുടെ അവകാശം ആദ്യ ഭാര്യയിലെ മക്കൾക്ക് നൽകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പൊതുഭരണ വിഭാഗം ഇത് സംബന്ധിച്ച ഉത്തരവ് ഡിവിഷ്ണൽ കമ്മീഷ്ണർമാർ, ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റുമാർ, സബ് ഡിവിഷ്ണൽ മജിസ്‌ട്രേറ്റുമാർ, ഡിജിപി, ജയിൽ ഡിജിപി തുടങ്ങിയ മേധാവികൾക്ക് നൽകിയിട്ടുണ്ട്.