ഛണ്ഡീഗഡ്: സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിനെതിരെ വിവാദ പരാമർശവുമായി പഞ്ചാബ് എംപി. ശിരോമണി അകാലിദളിന്റെ (അമൃത്‌സർ) നേതാവും സംഗ്രൂർ എംപിയുമായ സിമ്രൻജിത് സിംഗ് മാനാണ് ഭഗത് സിംഗിനെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ചത്. ‘ഭഗത് സിംഗ് ഒരു ഇംഗ്ലീഷ് നാവികസേനാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി, ചന്നൻ സിംഗ് എന്ന അമൃതധാരി സിഖ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തി. ദേശീയ അസംബ്ലിക്ക് നേരെ ബോംബെറിഞ്ഞു. നിങ്ങൾ പറയൂ, ഭഗത് സിംഗ് തീവ്രവാദിയാണോ അല്ലയോ എന്ന്’- എന്നായിരുന്നു എംപി നടത്തിയ പരാമർശം.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ തട്ടകമായ സംഗ്രൂരിൽ നിന്ന് ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലാണ് സിമ്രൻജിത് സിംഗ് മാൻ തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ വിജയത്തിന് കാരണം ഖാലിസ്ഥാൻ തീവ്രവാദി ജർണയിൽ സിംഗ് ഭിന്ദ്രൻവാലയാണെന്നും കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ അതിക്രമങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും എംപി പറഞ്ഞിരുന്നു. ഇയാൾ നേരത്തെയും വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു.