കൊച്ചി: ആലുവ പുളിഞ്ചുവടില് ഹോട്ടൽ തല്ലിത്തകർത്ത് ഉടമയെ മാരകമായി മർദിച്ച സംഭവത്തിൽ പ്രതികളായ നാല് പേരെ അലുവ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ എടത്തല മുരിങ്ങാശേരി സിയാദ് (37), അശോകപുരം കളപ്പുരക്കൽ ഷാഹുൽ (25), ആലുവ എ.എഡി നൊച്ചിമ ചാലയിൽ സുനീർ, കളമശേരി തിണിക്കൽ സനൂപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വധശ്രമം, തടഞ്ഞുനിർത്തി കഠിന ദേഹോപദ്രവം ഏല്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളിലാണ് പോലീസ് കേസെടുത്തത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച സിയാദിന്റെ ഭാര്യയ്ക്കും സുഹൃത്ത് മുഹമ്മദ് അൽതാഫിനുമെതിരെ പ്രതികൾക്ക് ഒത്താശ ചെയ്തതിന് കേസുണ്ട്.
ബുധനാഴ്ച അർധ രാത്രിയാണ് പാഴ്സൽ വാങ്ങിയ ശേഷം പണം ചോദിച്ചതിനെ തുടർന്ന് പ്രകോപിതരായ യുവാക്കൾ ഉടമയെ മർദിക്കുകയും കട തല്ലി പൊളിക്കുകയും ചെയ്തത്. ഉടമ ദിലീപിന്റെ കൈ ഒടിയുകയും തലക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു.