കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയില്‍ ഒഴുക്കില്‍പ്പെട്ട് തിരുവമ്പാടി മരിയപുരം സ്വദേശി ജോസഫ് ആണ് മരിച്ചത്. കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു.
കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപം കടലിൽ ചുഴലിക്കാറ്റ് വീശിയടിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ശക്തമായ കാറ്റിലും തിരമാലയിലും നാല് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല. ഹാര്‍ബറില്‍ നിര്‍ത്തിയിട്ടിരുന്ന ഏതാനും ബോട്ടുകളുടെ മുകള്ഭാഗം പൂര്‍ണമായും കാറ്റില്‍ പറന്നുപോയി. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്.
കനത്ത മഴയും മണ്ണിടിച്ചിലും മൂലം അട്ടപ്പാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ മരങ്ങൾ കടപുഴകി, നിരവധി വീടുകള്‍ക്ക് തകരാറുണ്ട്. ആനക്കട്ടി -മണ്ണാർക്കാട് റോഡിൽ കൽക്കണ്ടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി നരസിമുക്ക് പരപ്പൻതറയിൽ റോഡരികിൽ
നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണ് ഓട്ടോറിക്ഷ തകർന്നു. താവളത്ത് നിന്ന് പരപ്പൻതറയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു.
വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 60 സെന്റീമീറ്ററായി ഉയർത്തി. കാഞ്ഞിരപ്പുഴയുടെയും കുന്തിപ്പുഴയുടെയും തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.