അബൂദബിയില്‍ ഇന്നുമുതല്‍ സൗജന്യ പാര്‍ക്കിങ് അനുവദിക്കുകയില്ല. പകരം ഇനി ഞായറാഴ്ചകളിലായിരിക്കും സൗജന്യ പാര്‍ക്കിങ് സേവനം ലഭിക്കുക. ഇതുവരെ വെള്ളിയാഴ്ചയായിരുന്നു എമിറേറ്റില്‍ ഫ്രീ പാര്‍ക്കിങ് സൗകര്യമുണ്ടായിരുന്നത്. വാരാന്ത്യ ദിനങ്ങളില്‍ വരുത്തിയ മാറ്റം മുന്‍നിര്‍ത്തിയാണ് നടപടി. വെള്ളിയാഴ്ചക്കു പകരം ഞായറാഴ്ചയായിരിക്കും ഇനി ഫ്രീ പാര്‍ക്കിങ് സൗകര്യം ലഭ്യമാവുകയെന്ന് അബൂദബി നഗരസഭയും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുമാണ് അറിയിച്ചത്. ഞായറാഴ്ച ദിവസങ്ങളില്‍ റോഡ് ചുങ്കം ഈടാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ദര്‍ബ് ഗേറ്റുകളിലൂടെ തിരക്കേറിയ സമയത്തും ചുങ്കം നല്‍കാതെ സുഗമമായി യാത്ര ചെയ്യാനാകും.
വെള്ളിയാഴ്ചയും പ്രവര്‍ത്തിദിനമാക്കി മാറ്റിയതോടെ ദുബൈയില്‍ നേരത്തെ തന്നെ സൗജന്യ പാര്‍ക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു. അതേസമയം ഷാര്‍ജയില്‍ വെള്ളിയാഴ്ച തന്നെ സൗജന്യ പാര്‍ക്കിങ് തുടരാനാണ് തീരുമാനം. ഷാര്‍ജയില്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ ആഴ്ചയില്‍ മൂന്നു ദിവസമായി സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവധിയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മറ്റ് എമിറേറ്റുകളിലൊക്കെയും സൗജന്യ പാര്‍ക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റാനാണ് നീക്കം. അവധി ദിവസം സൗജന്യ പാര്‍ക്കിങ് ക്രമീകരണം വരുന്നത് റോഡ് സുരക്ഷക്കൊപ്പം വാഹന ഉപയോക്താക്കള്‍ക്കും ഗുണകരമാകുമെന്ന് അബൂദബി ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.