തിരുവനന്തപുരം: വടകര എംഎൽഎ കെ.കെ രമയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് മുൻമന്ത്രി എം.എം മണി. മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്ന കെ.കെ രമയുടെ ഭാഷയ്ക്കെതിരെയാണ് താൻ പ്രതികരിച്ചതെന്ന് മണി പറഞ്ഞു.
രമയെ മുൻനിർത്തി യുഡിഎഫിന്റെ നീക്കമാണ് നടക്കുന്നത്. മഹതി ഒന്നാന്തരം ഭാഷയാണ്. വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് താൻ മറുപടി പറഞ്ഞത്. വടകര സീറ്റ് എൽഡിഎഫ് ജനതാദളിന് നൽകിയതുകൊണ്ടാണ് രമ അവിടെ ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടിവരുമെന്നും മണി കൂട്ടിച്ചേർത്തു. രമ വിധവയായിപ്പോയത് അവരുടേതായ വിധിയാണെന്നും അവരെ വിധവയാക്കിയതിൽ തങ്ങൾക്കു പങ്കില്ലെന്നുമായിരുന്നു മണി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്.
പരാമര്‍ശത്തിൽ ഖേദമില്ലെന്നാണ് എം എം മണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എം എം മണി, എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തിൽ പ്രതികരിച്ചത്.