എം.ടി വാസുദേവൻ നായരുടെ എൺപത്തി ഒൻപതാം ജന്മദിനം ‘ഓളവും തീരവും’ എന്ന സിനിമയുടെ തൊടുപുഴ ലൊക്കേഷനിൽ വച്ച് കേക്ക് മുറിച്ച് ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. മോഹൻലാൽ – പ്രിയദർശൻ കൂട്ട് കെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് വേണ്ടി സെറ്റിട്ടിരിക്കുന്ന കുടയത്തൂരിലുള്ള ലൊക്കേഷനിൽ ഇന്ന് രാവിലെ 10 മണിയോടെ എം.ടി എത്തിയിരുന്നു. മകൾ അശ്വതിക്കൊപ്പമാണ് എം.ടി ലൊക്കേഷനിൽ എത്തിയത്. ഉച്ചക്ക് ഒരു മണി വരെ അദ്ദേഹം പ്രിയദർശന്റെ നേതൃത്വത്തിൽ മോഹൻലാൽ ഉൾപ്പടെയുള്ളവർ അഭിനയിക്കുന്ന ഷൂട്ടിംഗ് കണ്ട് സെറ്റിൽ ചിലവഴിച്ചു. പിന്നാലെ മോഹൻലാൽ, പ്രിയദർശൻ, സന്തോഷ് ശിവൻ, എം.ടി യുടെ മകൾ അശ്വതി, ദുർഗ കൃഷ്ണ, ഹരീഷ് പേരടി, സുരഭി ലക്ഷ്മി, ശ്രീകാന്ത് മുരളി, ഓളവും തീരവും സിനിമയുടെ മറ്റ് ആർട്ടിസ്റ്റുകൾ, സാങ്കേതിക പ്രവർത്തകർ എന്നിവർക്കൊപ്പം എം.ടി പിറന്നാൾ കേക്ക് മുറിച്ചു. ലൊക്കേഷനിൽ ഒരുക്കിയ പിറന്നാൾ സദ്യയും ഏവർക്കുമൊപ്പം അദ്ദേഹം കഴിച്ചു.