അന്തരിച്ച നടൻ പ്രതാപ് പോത്തന്റെ 2 വിവാഹജീവിതവും പരാജയമായിരുന്നു. വിവാഹം വെറുമൊരു അഡ്ജസ്റ്റ്മെന്റ് മാത്രമാണ്. അതിൽ സ്നേഹവും പ്രണയവുമില്ലെന്നും ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ് എന്നുമാണ് പ്രതാപ് പോത്തൻ വിവാഹജീവിതത്തെ കുറിച്ച് ഒരിക്കൽ പറഞ്ഞത്
പ്രതാപ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിലെ നായികയായിരുന്നു രാധിക. ചിത്രത്തിന്റെ നിർമാണ സമയത്ത് ഇരുവരും പ്രണയത്തിലായി. നടി രാധികയെയായിരുന്നു നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ പ്രതാപ് പോത്തൻ 1985ൽവിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം രണ്ടു വർഷം മാത്രമാണ് നീണ്ടുനിന്നത്. 1986ൽ ഇവർ വിവാഹമോചിതരായി.
“എനിക്കു പ്രണയമായിരുന്നു രാധികയോട്. വിവാഹം കഴിക്കാമെന്ന് രണ്ടാളും ഒരുമിച്ച് തീരുമാനിച്ചു. ഞാനത് എല്ലാവരേയും അറിയിച്ചു. വീട്ടുകാർ സഹകരിച്ചില്ല. ഞാനൊരു തെറ്റാണ് ചെയ്‌തതെന്ന് അവർ എന്നെ കുറ്റപ്പെടുത്തി. രാധികയുടെ ആൾക്കാരും സഹകരിച്ചില്ല. ഞങ്ങൾ ഒറ്റയ്‌ക്ക് മുന്നോട്ടു പോയി. ഞങ്ങൾക്കു കുട്ടികളുണ്ടായില്ല. രണ്ടു വർഷം ഒന്നിച്ചു കഴിഞ്ഞു. പിന്നീട് ബന്ധം ഡ്രൈ ആയി. പ്രശ്നങ്ങളായി. ഒടുവിൽ വേർപിരിഞ്ഞു. ആ ബന്ധം തകർന്നതിൽ ഞങ്ങൾ രണ്ടുപേരും കുറ്റക്കാരാണ്. നിങ്ങൾക്കൊരാളെ മാത്രമായി കുറ്റപ്പെടുത്താനാകില്ല,” എന്നാണ് ആദ്യ വിവാഹമോചനത്തിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
പിന്നീട് 1990ൽ അമല സത്യനാഥുമായി വിവാഹം കഴിച്ചെങ്കിലും 22 വർഷത്തെ ദാമ്പത്യം 2012 ൽ അവസാനിപ്പിക്കുകയായിരുന്നു.”രണ്ടു വ്യത്യസ്‌ത വ്യക്‌തികൾ ഒന്നിക്കുന്നു. പക്ഷേ പലപ്പോഴും അവർ ഒന്നിക്കുകയല്ല. ഒന്നാകാത്തിടത്തോളം ആ ബന്ധം തകരുകയല്ലാതെ മറ്റ് മാർഗ്ഗമില്ലല്ലോ. ഒന്നിക്കുവാനുള്ള പരീക്ഷണങ്ങളായിരുന്നു എന്റെ ബന്ധങ്ങൾ എല്ലാം. അതിലൊക്കെ പരാജയപ്പെടുകയും ചെയ്‌തു,” എന്നായിരുന്നു രണ്ടാം വിവാഹപരാജയത്തെക്കുറിച്ച് പ്രതാപ് പോത്തൻ പറഞ്ഞത്.
















