കൊച്ചി: സ്ത്രീ /ട്രാൻസ് ജെൻഡർ വിഭാഗത്തിൽ അഭിനയത്തിന് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ചെന്നൈ സ്വദേശിനിയായ ട്രാൻസ് വുമൺ നേഹയ്ക്കും,അവരെ അവാർഡിന് അർഹയാക്കിയ ചലച്ചിത്രമായ അന്തരത്തിന്‍റെ സംവിധായകൻ പി. അഭിജിത്തിനും സ്വീകരണം നൽകി. ധ്വയ ട്രാൻസ്ജെൻഡർ ആർട്സ് ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കളമശ്ശേരി മാർത്തോമ സഭയുടെ പാരിഷ് ഹാളിലാണ് പരിപാടി നടന്നത്.
സ്വന്തം കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിക്കുന്ന ആദരം ഏറ്റവും വിലപ്പെട്ടതാണെന്നും ചെറുപ്പത്തിൽതന്നെ വീടും അമ്മയെയും വിട്ട് ഇറങ്ങി പോകേണ്ട വന്ന തനിക്ക് സ്വന്തം അമ്മയുടെ അടുത്തെതിയത് പോലെയാണ് ആദരവ് ഏറ്റുവാങ്ങുമ്പോൾ തോന്നുന്നത് എന്നും നേഹ പറഞ്ഞു. പുരസ്കാരം തനിക്കുള്ള വ്യക്തിപരമായ പുരസ്കാരമല്ല മറിച്ച് ഞാനുൾപ്പെട്ട മുഴുവൻ കമ്മ്യൂണിറ്റിയ്ക്കുമുള്ള ആദരവാണെന്നും അവർ കൂട്ടിചേർത്തു.
പരിപാടിയ്ക്ക് ധ്വയ സെക്രട്ടറി രഞ്ജു രഞ്ജിമാർ സ്വഗതം പറഞ്ഞു.ധ്വയയുടെ പ്രസിഡന്‍റ് സൂര്യാ ഇഷാൻ അധ്യക്ഷത വഹിച്ചു. ധ്വയ ട്രാൻസ്ജെൻഡർ ആർട്സ് ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരി ശീതൾ ശ്യാം, നവോദയ മൂവ്മെന്റിന്റെ ഫാദർ മാത്യൂ നിലമ്പൂർ എന്നിവർ സംസാരിച്ചു. സംഘടനയുടെ ട്രഷറർ അലീന നന്ദി രേഖപ്പെടുത്തി.