തിരുവനന്തപുരം: കെ – ഫോണിന് ലൈസൻസ്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അഥവാ ഐഎസ്പി ലൈസൻസ് ആണ് ലഭിച്ചത്. ഇതോടെ സേവന ദാതാവായി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാം.
അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടുകൂടിയും പരമാവധി പേർക്ക് ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യം എന്നാണ് കേരള സർക്കാർ നിലപാട്. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ പ്രകാരം, കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ് വർക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപ്പണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനും കെ ഫോണിന് ഇതോടെ അധികാരമുണ്ടാകും.
അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് കെ ഫോണിന് നേരത്തെ ലഭിച്ചിരുന്നു
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതി കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചത് അഭിമാനർഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന പരിധിക്കകത്ത് ഇന്റർനെറ്റ് സേവന സൗകര്യങ്ങൾ നൽകാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം.
കെ-ഫോൺ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഐഎസ്പി കാറ്റഗറി ബി ലൈസൻസ് ഒരു സർവീസ് മേഖലാപരിധിക്കകത്ത് ഇന്റർനെറ്റ് സൗകര്യങ്ങൾ നൽകാനുള്ള പ്രവർത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സർവീസ് മേഖലാ പരിധിക്കകത്ത് ഇന്റർനെറ്റ് സേവനസൗകര്യങ്ങൾ നൽകാൻ കെ-ഫോണിന് ഇനി സാധിക്കും.
ഏകദേശം 30,000 ത്തോളം സർക്കാർ ഓഫീസുകളിൽ കെ-ഫോൺ വഴി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.”പൊതുജനത്തിന് കുറഞ്ഞ നിരക്കിലും ഗുണമേന്മയോടു കൂടിയതുമായ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനുദ്ദേശിച്ച് എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ-ഫോൺ. ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച ഈ സർക്കാർ കേരളത്തിന് നൽകുന്ന വലിയ ഉറപ്പ് കൂടിയാണീ പദ്ധതി. അവശ വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന കെ-ഫോൺ പദ്ധതി ടെലികോം മേഖലയിലെ കോർപ്പറേറ്റാധിപത്യത്തിനെതിരെയുള്ള ജനകീയ ബദൽ കൂടിയാണ്”- മുഖ്യമന്ത്രി വ്യക്തമാക്കി.