നീറ്റ് യു.ജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി വിമർശനത്തോടെ തള്ളി. 15 വിദ്യാർത്ഥികൾക്ക് മാത്രമാണ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യമുള്ളത്. ഇത്തരം ഹർജികൾ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 17ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ദേശീയ യോഗ്യത പ്രവേശനപരീക്ഷ (നീറ്റ്-യു.ജി) മാറ്റിവെക്കണമെന്നാവശ്യപ്പെട്ടാണ് ഡൽഹി ഹൈക്കോടതിയിൽ വിദ്യാർത്ഥികൾ ഹർജി നൽകിയത്. മെഡിക്കൽ, ഡെന്റൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിന് പരാതി പരിഹാര സംവിധാനമുണ്ടാക്കണമെന്നും പ്രളയം മൂലമുള്ള പ്രത്യേക സാഹചര്യത്തിൽ ചില പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ ബുദ്ധിമുട്ടാണെന്നും വിദ്യാർത്ഥികൾ പറയുന്നു.