വിവോയ്‌ക്ക് പിന്നാലെ നികുതി വെട്ടിപ്പ് നടത്തി ഓപ്പോയും.4,389 കോടി രൂപയുടെ ഇറക്കുമതി തീരുവ വെട്ടിച്ചെന്നാരോപിച്ച് ചൈനീസ് ഫോൺ നിർമാതാക്കളായ ഓപ്പോയുടെ ഇന്ത്യൻ യൂനിറ്റിന് നോട്ടീസ്. ചില ഇറക്കുമതികളുടെയും റോയൽറ്റിയുടെയും ലൈസൻസ് ഫീസിന്റെയും വിവരം മനഃപൂർവം തെറ്റിദ്ധരിപ്പിച്ചതിന്റെ രേഖകൾ കണ്ടെടുത്തശേഷമാണ് ജൂലൈ എട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് ധനമന്ത്രാലയം പറഞ്ഞു.
സ്മാർട്‌ഫോൺ നിർമ്മിക്കുന്നതിന് വേണ്ടി ഇറക്കുമതി ചെയ്ത സാധനങ്ങളുടെ പേരിൽ കൃത്രിമം കാണിച്ച് കസ്റ്റംസ് നികുതി ഇളവ് സ്വന്തമാക്കിയതായാണ് കണ്ടെത്തൽ. ഇവരുടെ ഓഫീസിലും ഉദ്യോഗസ്ഥരുടെ വീട്ടിലും അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നികുതി ഇളവിന്റെ പേരിൽ മാത്രം 2981 കോടിയും രേഖകളിൽ കൃത്രിമം വരുത്തി 1408 കോടിയും വെട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നികുതി അടയ്‌ക്കാതെ വരുമാനം ചൈനയിലേക്ക് കടത്തുകയും ചെയ്തിട്ടുണ്ട്.