ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ 45 തോക്കുകളുമായി ദമ്പതികൾ അറസ്റ്റിൽ. ജഗ്ജീത് സിംഗ്, ഭാര്യ ജസ്വീന്ദർ കൗർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
22.5 ലക്ഷം രൂപ വിലമതിക്കുന്ന 45 കൈത്തോക്കുകളാണ് ദമ്പതികൾ കൈവശം വെച്ചതെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു. 12.5 ലക്ഷം രൂപ വിലമതിക്കുന്ന 25 തോക്കുകൾ തുർക്കിയിൽ നിന്ന് കടത്തിയതായി ദമ്പതികൾ സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന കൈക്കുഞ്ഞുങ്ങളെ ഉദ്യോഗസ്ഥർ മുത്തശ്ശിക്ക് കൈമാറി.
എക്‌സിറ്റ് ഗേറ്റിലേക്ക് നീങ്ങുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് തോക്കുകൾ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.