മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻ ഖാന്റെ പാസ്‌പോർട്ട് മടക്കി നൽകാൻ മുംബൈയിലെ പ്രത്യേക കോടതി നാർകോടിക്‌സ് കൺട്രോൾ ബ്യൂറോയോട് ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എൻ.സി.ബി ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ മുംബൈ തീരത്തു നിന്ന് പുറപ്പെട്ട കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
കപ്പലിൽ ലഹരിപ്പാർട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നാണ് എൻ.സി.ബി അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മേയിൽ എൻ.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘം ആര്യൻ ഖാന് ക്ലീന് ചിറ്റ് നൽകുകയായിരുന്നു. ആര്യനെതിരെ തെളിവില്ലെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സംഘം പറഞ്ഞു.
ലഹരിമരുന്ന് സംഘവുമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന് പങ്കില്ലെന്നും കുറ്റപത്രത്തിൽ പറഞ്ഞു. ആര്യൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ തെളിവില്ലെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്.