കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിങ് പരാതിയിൽ മൂന്ന് വിദ്യാർഥികൾക്ക് ആറുമാസം സസ്‌പെൻഷൻ. ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്ത സംഭവത്തിൽ ആഭ്യന്തര അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
പൊലീസിന് റിപ്പോർട്ട് കൈമാറുമെന്നും നടപടി നേരിട്ടവർക്ക് ആറു മാസത്തേക്ക് ഹോസ്റ്റലിൽ പ്രവേശിക്കാനോ പരീക്ഷ എഴുതാനോ സാധിക്കില്ലെന്നും വ്യക്തമാക്കി.
ക്ലിനിക്കൽ റെക്കോഡ് എഴുതി നൽകണമെന്നാവശ്യം നിരസിച്ച വിദ്യാർഥിയെ മർദിച്ചെന്നാണ് പരാതി ഉയർന്നത്. തുടർന്ന് പ്രിൻസിപ്പലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആന്റി റാഗിങ് കമ്മിറ്റി ചേർന്ന് അന്വേഷണ കമ്മിഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.